Thursday, September 1, 2016

--കല്‍ബുര്‍ഗിയുടെ രക്തസാക്ഷ്യം,
         ഹനുമാന്‍ സീതയെ കണ്ട ദിവസവും--
                                                            --ടി.കെ.ഹരീഷ്

ഭീകരവാദമെന്നത് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. മതഭീകരവാദത്തിന് ലോകവ്യാപകമായി ഒരു ദിശ മാത്രമാണുള്ളതെന്ന് സ്ഥാപിയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഭീകരവാദത്തിന്റെ യഥാര്‍ത്ഥ ദിശയും അതിന്റെ മുഖച്ഛായയും നിറവും എന്താണ്..ഫാസിസവും ഭീകരതയും തമ്മില്‍ വേര്‍തിരിവുകളുണ്ടോ..?

അക്ഷരം എന്നാല്‍ ക്ഷരം ഇല്ലാത്തത് അഥവാ നശിയ്ക്കാത്തത് എന്നാണ് അര്‍ത്ഥം. അതുകൊണ്ടു തന്നെ ലോകമെന്പാടുമുള്ള ഫാസിസ്റ്റുകള്‍ക്ക്
നാശമില്ലാതെ ഉദ്ബോധനത്തിന്റെ വെളിച്ചം വിതറുന്ന അക്ഷരങ്ങളെ ഭയമാണ്. തോക്കിന്‍ കുഴലുകളേക്കാള്‍ ശക്തിയുണ്ട് വാക്കുകള്‍ക്ക് എന്നാണ് ഏകാധിപതിയായിരുന്ന നെപ്പോളിയന്റെ വിലയിരുത്തല്‍, അതുകൊണ്ടായിരിക്കണം ലോകത്തുള്ള എല്ലാ ഏകാധിപതികളും ഫാസിസ്റ്റുകളും മതഭീകരവാദികളും വാക്കുകളെ അല്ലെങ്കില്‍ വാക്കിന്റെ ഉറവിടത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഏകാധിപത്യത്തിന്റെ കാലത്ത് കൈവെട്ടായും തലവെട്ടായും വെടിയുണ്ടയായുമെല്ലാം ശത്രുക്കള്‍ വാക്കുകളുടെയും ആശയങ്ങളെയും ഉറവിടങ്ങളെ തേടി വരുന്നത് അതുകൊണ്ടാണ്.  ബംഗ്ലാദേശില്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട ബ്ലോഗര്‍മാര്‍, ലോകത്തു പലയിടങ്ങളിലായി കൊല്ലപ്പെടുന്ന എഴുത്തുകാരും പത്രമാധ്യമപ്രവര്‍ത്തകരും മറ്റു സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും. ഇവരെല്ലാം ഇരകളാണ്. ഫാസിസത്തിന്‍റെ ഇരകള്‍.

ഈ വസ്തുതയുടെ വെളിച്ചത്തില്‍ നിന്നു കൊണ്ടു വേണം സമകാലിക ഇന്ത്യയില്‍ ഉറക്കെപ്പറയുന്ന വാക്കുകള്‍ക്ക് സംഭവിച്ചു കൊണ്ടിരിയ്ക്കുന്നതെന്ത് എന്ന്പരിശോധിയ്ക്കാന്‍. തങ്ങളുടെ ഭീഷണിയ്ക്ക് വഴങ്ങി പേനയൊടിച്ചു കളയാന്‍ തയ്യാറാവാത്തവര്‍ക്ക് ഫാസിസത്തിന്റെ ഇന്ത്യന്‍ മുഖം വിധിച്ചിട്ടുള്ളത് മരണമാണ്.
സ്വന്തം ചിന്തയും എഴുത്തുപകരണവും അടിയറ വെയ്ക്കാന്‍ തയ്യാറാവാത്തതിനാല്‍ മരണമേറ്റു വാങ്ങേണ്ടി വന്ന എം.എം.കല്‍ബുര്‍ഗിയാണ് ഇന്ത്യന്‍ഫാസിസ്റ്റുകളുടെ ഈ വിധിന്യായത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഇര.

കന്നട സാഹിത്യകാരനും ഇടത് ചിന്തകനും യുക്തിവാദിയുമായ പ്രൊഫസര്‍ കല്‍ബുര്‍ഗി ഒരു പൊതുപരിപാടിയില്‍ വിഗ്രഹാരാധനനയ്ക്കും അന്ധവിശ്വാസത്തിനുമെതിരെ  സംസാരിച്ചിരുന്നു. അന്തരിച്ച സാഹിത്യകാരന്‍ യു ആര്‍ അനന്തമൂര്‍ത്തിയുടെ കൃതി ഉദ്ധരിച്ചായിരുന്നു കല്‍ബുര്‍ഗിയുടെ പ്രസംഗം. കഴിഞ്ഞ ജൂണ്‍ 9 ന് നടത്തിയ പ്രസ്താവനയുടെ പേരില്‍ ചില ഹിന്ദുത്വ സംഘടനകള്‍ കല്‍ബുര്‍ഗിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. സമാനവിഷയങ്ങള്‍ ഉന്നയിച്ച കല്‍ബുര്‍ഗിയുടെ വചനസാഹിത്യത്തിലെ ഭാഗങ്ങള്‍ ഹിന്ദു മതത്തെ വ്രണപ്പെടുത്തിയെന്ന ആരോപണമുന്നയിച്ചും കര്‍ണാടകയില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സഘപരിവാര്‍ ശക്തികള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ് കേസെടുത്തു. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ അദ്ദേഹത്തിന് ഒഴിവാക്കേണ്ടതായും വന്നു. ഈശ്വരനെ നിന്ദിക്കുന്നതും സമുദായത്തിന്‍റെ വിലകുറയ്ക്കുന്നതുമായിരുന്നു
ഹിന്ദുക്കളുടെ നഗ്‌നമായ വിഗ്രഹാരാധനയെന്ന് കല്‍ബുര്‍ഗി വാദിച്ചതോടെ അദ്ദേഹത്തിനു മേല്‍ വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ വധഭീഷണി ശക്തമായി.

വിശ്വഹിന്ദു പരിഷത്, ബജ്രംഗ്ദള്‍, ശ്രീരാംസേന തുടങ്ങിയ സംഘടനകള്‍ സംസ്ഥാന വ്യാപകമായി കല്‍ബുര്‍ഗിയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ കല്‍ബുര്‍ഗിയെ കല്ലുകളും സോഡ കുപ്പികളും കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഭീഷണിയെ തുടര്‍ന്ന് കുല്‍ബുര്‍ഗിയുടെ വീടിന് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് കാവല്‍ സമീപകാലത്താണ് പിന്‍വലിച്ചത്. ആഗസ്ത് 30ന് രാവിലെ 9 മണിയോടെ ധാര്‍വാഡിലെ വസതിയില്‍ കയറിയാണ് ആയുധധാരി കല്‍ബുര്‍ഗിയെ വെടിവെച്ചത്.  ദൃഢഗാത്രനായ ഒരാള്‍ പ്രൊഫസറുടെ വീട്ടിലെത്തി വാതിലില്‍ മുട്ടി. പ്രൊഫസര്‍ കല്‍ബുര്‍ഗിയുടെ ഭാര്യയാണ് വാതില്‍ തുറന്നത്. കല്‍ബുര്‍ഗി വാതില്‍ക്കലേയ്ക്ക് വന്ന ഉടന്‍ ഇയാള്‍ നെറ്റിയിലേക്ക് വെടിവെയ്ക്കുകയായിരുന്നുവെന്ന് അയല്‍വാസിയും ബന്ധുവുമായ നാഗരാജ് എസ് തിഗാദി പറയുന്നു. കൃത്യം നിര്‍വ്വഹിച്ച ശേഷം അയാള്‍ പുറത്തു കാത്തുനിന്നിരുന്ന മോട്ടോര്‍ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

കല്‍ബുര്‍ഗിയുടെ കൊലപാതകികള്‍ എന്താണ് ഈ സമൂഹത്തോട് വിളിച്ചു പറയുന്നത് എന്ന് പകല്‍ പോലെ വ്യക്തമാണ്. ഞങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സമൂഹത്തോട് വിളിച്ചു പറയാന്‍ ശ്രമിക്കുന്നത് ആരായാലും അവരെ കാത്തിരിയ്ക്കുന്നത് വെടിയുണ്ടകളാണെന്നാണ് അവര്‍ പറയാതെ പറയുന്നത്. കാരണം ഇത് യാദൃച്ഛികമായി സംഭവിയക്കുന്നതല്ല എന്ന് പകല്‍ പോലെ വ്യക്തമാണ്. നരേന്ദ്ര ധബോല്‍ക്കര്‍... ഗോവിന്ദ് പന്‍സാരെ..പട്ടികയില്‍ ഒടുവിലത്തെ പേര് മാത്രമാണ് കല്‍ബുര്‍ഗിയുടേത്. ഈ പട്ടിക ഇനിയും നീളുമെന്ന് ഹിന്ദുത്വ സംഘടനകളുടെ നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

2013 ഓഗസ്റ്റ് 20ന് രാവിലെയുള്ള പതിവു നടത്തത്തിനിടെയാണ് പൂണെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികള്‍ നരേന്ദ്ര ധബോല്‍ക്കറെ വെടിവച്ച് വീഴ്ത്തിയത്. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധവിശ്വാസ ഉന്മൂലന സമിതിയുടെ നേതാവായിരുന്നു. ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര
ധബോല്‍ക്കര്‍  സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്ന മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. കൊല നടന്ന് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനപോലും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 2014 മേയിലാണ് കേസ് സിബിഐക്ക് കൈമാറിയത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ
ചിത്രം കഴിഞ്ഞ മേയില്‍ സിബിഐ പുറത്തുവിട്ടിരുന്നു. എന്നാല്‍, അതിനപ്പുറം ഒരു നടപടിയും ഉണ്ടായില്ല. രണ്ടു വര്‍ഷത്തിനിടെ ആള്‍ദൈവങ്ങളും മന്ത്രവാദികളും ഉള്‍പ്പെടെ 1000ലധികംപേരെ മഹാരാഷ്ട്ര പൊലീസ് ചോദ്യം ചെയ്തു എന്നത് മാത്രമാണ് നടന്നത്.

മഹാരാഷ്ട്രയിലെ തന്നെ പ്രമുഖ സി.പി.ഐ നേതാവായിരുന്ന ഗോവിന്ദ് പന്‍സാരെ വധിയ്ക്കപ്പെട്ടതും സമാനമായ രീതിയിലാണ്. 2015 ഫെബ്രുവരി 16ന് കോല്‍ഹാപ്പൂരില്‍ പ്രഭാത സവാരിയ്ക്കിറങ്ങിയ പന്‍സാരെയ്ക്കും ഭാര്യയ്ക്കും നേരെ ബൈക്കിലെത്തിയ രണ്ടു പേര്‍ നിറയൊഴിയ്ക്കുകയായിരുന്നു. കൊലചെയ്യപ്പെടാനായി പന്‍സാരെ ചെയ്ത കുറ്റങ്ങളും വ്യത്യസ്തമായിരുന്നില്ല. മഹാരാഷ്ട്രയില്‍ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തുന്നവരും ഹിന്ദു വര്‍ഗീയവാദികളും ഒരു പോലെ ഉപയോഗിയ്ക്കുന്ന ബിംബമായ ഛത്രപതി ശിവജിയെക്കുറിച്ച്  വസ്തുനിഷ്ടമായി രചിച്ച 'ആരായിരുന്നു ശിവജി?' എന്ന അദ്ദേഹത്തിന്റെ
പുസ്തകം വലിയ ജനപ്രീതി നേടി. ഈ പുസ്തക രചന കാരണം വർഗ്ഗീയ - തീവ്രവാദികളിൽ നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത്‌ കാര്‍ക്കറെയുടെ വധത്തിന്റെ ഉള്ളറകൾ തുറന്നുകാണിക്കുന്ന ഹു കിൽഡ്‌ കാര്‍ക്കറെ ?’ എന്ന പുസ്തകം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അദ്ദേഹം മുൻകൈ എടുത്തതും വർഗീയ തീവ്രവാദികൾക്ക് അദ്ദേഹത്തോട് ശത്രുതയുണ്ടാക്കി. കോൽഹാപൂരിലെ ടോൾവിരുദ്ധ സമരത്തിൽ പൻസാരെ വഹിച്ച നേതൃത്വപരമായ പങ്കാണ്‌ അദ്ദേഹത്തെ നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നവരുടെ ശത്രുവാക്കിയത്‌. 

2013 മുതല്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ 3 കൊലപാതകങ്ങള്‍. മൂന്നിലും ഇരകള്‍ വര്‍ഗീയതയെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തിരുന്നവര്‍.
വാക്കുകളുടെ ശക്തി എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയവര്‍.  ഇത് മൂന്നും നടന്നത് സംഘപരിവാര്‍ സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്.

ഇതില്‍ ഗോവിന്ദ് പന്‍സാരെയും ഭാര്യയും കൊല്ലപ്പെട്ട കേസില്‍ മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഏഴ് മാസത്തിനു ശേഷമാണ് മുഖ്യപ്രതിയായ സമീര്‍ വിഷ്ണു ഗെയ്ക്ക് വാദ് അറസ്റ്റിലായത്. പിന്നീട് നാലു പേരെക്കൂടി അറസ്റ്റ് ചെയ്തു. സനാതന്‍ സന്‍സ്ഥ എന്ന ഹിന്ദുത്വ സംഘടനയുമായി ബന്ധമുള്ളയാളാണ് അറസ്റ്റിലായ സമീര്‍ വിഷ്ണു ഗെയ്ക്ക് വാദ്.

പ്രശസ്ത ഹിപ്നോതെറാപ്പിസ്റ്റ് ഡോ. ജയന്ത് ബാലാജി അത് വാലെ 1990ല്‍ സ്ഥാപിച്ചതാണ് സനാതന്‍ സന്‍സ്ഥ. ചാരിറ്റബിള്‍ ട്രസ്റ്റായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് സന്‍സ്ഥയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്. ഹിന്ദു രാജ്യ സ്ഥാപനമാണ് പ്രഖ്യാപിത ലക്ഷ്യം. ദൈവ രാജ്യത്തിന്‍റെ പുനസ്ഥാപനമെന്നാണ് അതിനെ സംഘടന വിശേഷിപ്പിക്കുന്നത്. മൂത്രമൊഴിക്കുന്നത് മുതല്‍ കുളിക്കുകയും തുണി കഴുകുകയും ചെയ്യുന്നതിന് വരെ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട് സനാതന്‍ സന്‍സ്ഥ. നല്ല ഊര്‍ജം നിലനിര്‍ത്തുന്നതിനും മോശം ഊര്‍ജം തള്ളിക്കളയുന്നതിനും വേണ്ടിയാണ് ഇത്തരം മാനദണ്ഡങ്ങളെന്നാണ് സന്‍സ്ഥ വിശദീകരിക്കുന്നത്. സംഘടനയുടെ ആദ്യ കാലങ്ങളില്‍ ധര്‍മോപദേശ ക്ലാസ്സുകള്‍, പ്രഭാഷണങ്ങള്‍, വിശ്വാസികളുടെ
കൂട്ടായ്മകള്‍ തുടങ്ങിയവ സംഘടിപ്പിക്കലായിരുന്നു പ്രധാന പരിപാടികള്‍. മഹാരാഷ്ട്രയിലും ഗോവയിലുമുണ്ടായ ചില സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണമാണ് സനാതന്‍ സന്‍സ്ഥയെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. ജോധ അക്ബര്‍ സിനിമ പ്രദര്‍ശിപ്പിച്ച മഹാരാഷ്ട്രയിലെ പന്‍വേലിലെ തീയറ്ററില്‍
സ്ഫോടനം നടത്തിയതിന് അറസ്റ്റിലായ രമേഷ് ഗഡ്കരി, വിക്രം വിനയ് ഭാവെ എന്നിവര്‍ക്ക്  സനാതന്‍ സന്‍സ്ഥയുമായി ബന്ധമുണ്ടെന്നതാണ് ആദ്യം വന്ന ആരോപണം. താനെയിലെ ഒരു ഓഡിറ്റോറിയത്തില്‍ പ്രഹരശേഷി കുറഞ്ഞ സ്ഫോടനം നടത്തിയതും ഇവരാണെന്ന് ആരോപണമുണ്ടായി. ഈ കേസുകളില്‍ ഇവര്‍ക്ക്  പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇപ്പോള്‍ ജാമ്യത്തിലാണ്. 2009ല്‍ മഡ്ഗാവിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തിലും സനാതന്‍
സന്‍സ്ഥ പ്രതിസ്ഥാനത്തു വന്നു.  മല്‍ഗോണ്ട പാട്ടീല്‍, യോഗേഷ് നായിക് എന്നിവര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. സന്‍സ്ഥ പ്രവര്‍ത്തകരായ ഇവര്‍
സ്ഫോടകവസ്തുവുമായി സ്കൂട്ടറില്‍ സഞ്ചരിക്കവെ യാദൃച്ഛികമായി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ കേസില്‍ സന്‍സ്ഥ പ്രവര്‍ത്തകരായ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവുകളുടെ അഭാവത്തില്‍ ഇവരെ കോടതി വിട്ടയച്ചു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന് മഹാരാഷ്ട്ര, ഗോവ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു. യു പി എ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം, വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഈ ആവശ്യം നിരാകരിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന് കാണിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധനം ആവശ്യപ്പെട്ടത്. തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍
സന്‍സ്ഥയെ നിരോധിക്കണമെന്നും കഴിഞ്ഞ യു.പി.എ. സര്‍ക്കാര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ തന്റെ അച്ഛന്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും  ഗോവിന്ദ് പന്‍സാരെയുടെ മകള്‍ സ്മിതാ പന്‍സാരെ അടുത്തിടെ പ്രസ്താവിച്ചു. മുന്‍ യു.പി.എ. ഭരണകാലത്തുതന്നെ സന്‍സ്ഥയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന്‍റെ പ്രസ്താവന രാഷ്ട്രീയചര്‍ച്ചയ്ക്ക് വഴിയൊരുക്കി. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൃഥ്വീരാജ് ചവാന്‍ ഇക്കാര്യമാവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നില്ലെന്ന് പ്രസ്താവന ഇറക്കി. നിരോധനത്തിന് കാരണം ചൂണ്ടിക്കാട്ടിയ രേഖകളോടെയുള്ള ആവശ്യം സമര്‍പ്പിച്ചതിനുപിന്നാലെ എന്തിനാണ് പ്രത്യേക ഫോണ്‍സന്ദേശമെന്ന് ചവാന്‍ ചോദിച്ചു.
എന്നാല്‍, മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അഭ്യര്‍ഥന ശ്രദ്ധയോടെ തയ്യാറാക്കിയതല്ലെന്ന് ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. 1000 പേജുള്ള ന്യായവാദങ്ങള്‍ നിരത്തിയ രേഖകളോടെയുള്ള ഫയല്‍പോരേ നിരോധത്തിനെന്നായിരുന്നു ചവാന്റെ മറുചോദ്യം.

എന്തായാലും പന്‍സാരെ വധക്കേസിലെ അറസ്റ്റുകളോടെ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയുമൊക്കെ അലോസരപ്പെടുത്തിയിരുന്നത് ആരെയാണോ അവര്‍ തന്നെയാണ് കൊലപാതങ്ങള്‍ക്ക് പിറകിലെന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഞങ്ങളെ എതിര്‍ക്കാന്‍ വന്നാല്‍ കൊന്നു കളയുമെന്ന പച്ചയായ ഭീഷണി തന്നെയാണ് അവര്‍ മുഴക്കുന്നത്. എഴുത്തുകാരനായ പെരുമാള്‍ മുരുഗന്റെ അനുഭവം കൂടി
ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. 2015ല്‍ പുതു വര്‍ഷാഘോഷത്തിന്‍റെ അലയൊലികള്‍ അടങ്ങും മുമ്പാണ് തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുഗന്‍റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് നമ്മുടെ രാജ്യത്ത് വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉയരാന്‍ വഴിയൊരുക്കിയത്. ‘‘എഴുത്തുകാരൻ പെരുമാൾ മുരുകൻ മരിച്ചു. അയാൾ ഒരു അധ്യാപകനായി ജീവിതം തുടരും - ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.

മാതോരുഭാഗൻ എന്ന നോവലിനെച്ചൊല്ലിയുള്ള വിവാദമായിരുന്നു എഴുത്തു നിർത്താനുള്ള കാരണം. തിരുച്ചെങ്കോട് അർധനാരീശ്വരർ ക്ഷേത്രത്തിലെ രഥോൽസവത്തിന്‍റെ സമാപന ദിവസം രാത്രിയിൽ ദമ്പതികളല്ലാത്ത സ്ത്രീപുരുഷന്മാർ ഉഭയസമ്മതപ്രകാരം ഇണകളാകുന്ന ആചാരമുണ്ടായിരുന്നുവെന്ന മാതോരുഭാഗനിലെ പരാമർശമാണു വിവാദമായത് തമിഴിൽ 2010ൽ പ്രസിദ്ധീകരിച്ച നോവൽ അടുത്തിടെ വൺ പാർട്ട് വിമൻ' എന്ന പേരിൽ ഇംഗ്ലിഷിലേക്കു മൊഴി മാറ്റിയതിനെത്തുടർന്ന് ചില ഹിന്ദു സംഘടനകൾ എതിർപ്പുമായി രംഗത്തുവന്നു. പെരുമാൾ മുരുകന്‍റെ ജന്മനാടായ തിരുച്ചെങ്കോട് ഉൾപ്പെടെ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ പുസ്തകത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി വന്നു. പുസ്തകത്തിന്‍റെ പ്രതികൾ കത്തിക്കുകയും ചെയ്തു. തുടർന്ന് പെരുമാൾ മുരുകൻ കുടുംബസമേതം നാടുവിട്ടു.

പിന്നീട് നാമക്കൽ ജില്ലാ റവന്യു ഓഫിസറുടെ സാന്നിധ്യത്തിൽ പെരുമാൾ മുരുകനും സമരക്കാരും തമ്മിൽ ഒത്തുതീർപ്പു ചർച്ച നടന്നു. നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായി അദ്ദേഹം തുടർന്നു പ്രസ്താവനയും ഇറക്കി. നോവലും ഇംഗ്ലിഷ് വിവർത്തനവും വിണിയിൽ നിന്നു പിൻവലിക്കുമെന്നും വ്യക്തമാക്കിയതിനെത്തുടർന്നാണു സമരം അവസാനിച്ചത്. എന്നാൽ ഭാവിയിലും പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്റെ എല്ലാ പുസ്തകങ്ങളും വിപണിയിൽനിന്നു പിൻവലിക്കുകയാണെന്നും ഇതുമൂലം പ്രസാധകർക്കുണ്ടാകുന്ന നഷ്ടം നികത്തുമെന്നും പെരുമാൾ മുരുകൻ പറഞ്ഞു. തന്‍റെ പുസ്തകം വാങ്ങിയവർക്കു വേണമെങ്കിൽ അതു കത്തിച്ചുകളയാം. അല്ലെങ്കിൽ തിരിച്ചുനൽകിയാൽ നഷ്ടം നികത്തും. വികാരഭരിതനായി കുറിച്ച പോസ്റ്റിൽ പെരുമാൾ മുരുകൻ വ്യക്തമാക്കി. താൻ ഇനി ഒരു സാഹിത്യ പരിപാടിയിലും പങ്കെടുക്കില്ല. എല്ലാ പുസ്തകങ്ങളും പിൻവലിക്കുന്നതിനാൽ ആരും ഇനി പ്രശ്നങ്ങളുണ്ടാക്കുകയോ പ്രതിഷേധിക്കുകയോ അരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

പക്ഷേ ചിന്തകളെയും അക്ഷരങ്ങളെയും നിശബ്ദമാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അതിന് ആരെയും അനുവദിക്കരുതെന്നും നിശ്ചയിച്ചിട്ടുള്ളവര്‍ ഒറ്റമനസ്സായി പിന്തുണ നല്‍കിയപ്പോള്‍ പെരുമാള്‍ മുരുഗന്‍ തന്‍റെ തീരുമാനം മാറ്റി. കോടതിയുടെ അനുകൂല വിധിയും പെരുമാള്‍ മുരുകന് കരുത്തു പകര്‍ന്നു. കഴിഞ്ഞ ദിവസം അദ്ദേഹം തന്‍റെ പുതിയ കവിതാ സമാഹാരമായ ''കോഴയിന്‍ പാടല്‍കള്‍'' പുറത്തിറക്കി. ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നവര്‍ക്ക് വലിയ ആശ്വാസവും ആവേശവുമാണ് പെരുമാള്‍ മുരുകന്‍റെ
തിരിച്ചു വരവ് നല്‍കിയത്.

കാര്യങ്ങള്‍ ഇവിടെ കൊണ്ട് അവസാനിക്കില്ലെന്ന് സംഘപരിവാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ കല്‍ബുര്‍ഗി വധത്തിനു ശേഷം ബജ്റംഗ്ദള്‍ നേതാവ് ഭുവിത് ഷെട്ടി ട്വിറ്ററിലൂടെ പരസ്യമായാണ് ഭീഷണി മുഴക്കിയത്. 'മുന്‍പ് യു.ആര്‍.അനന്തമൂര്‍ത്തി. ഇപ്പോള്‍ കല്‍ബുര്‍ഗി. ഹിന്ദുമതത്തെ പരിഹസിയ്ക്കുന്നവര്‍ ആരായാലും അവര്‍ പട്ടിയെപ്പോലെ മരിയ്ക്കും. മിസ്റ്റര്‍ കെ.എസ്.ഭഗവാന്‍, അടുത്തത് നിങ്ങളാണ്' എന്നാണ് ഭുവിത് ഷെട്ടിയുടെ ഭീഷണി. നിരീശ്വരവാദിയും എഴുത്തുകാരനുമായ കെ.എസ്.ഭഗവാന്‍ ഭഗവത്ഗീതയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. കല്‍ബുര്‍ഗി വധത്തിനു ശേഷം കെ.എസ്.ഭഗവാന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  എന്തായാലും തങ്ങളെ നിശബ്ദരാക്കാനാവില്ലെന്നും 
ഭീഷണികള്‍ക്കു മുമ്പില്‍ ചലനമറ്റ് പോകുന്നതല്ല തന്‍റെ തൂലികയെന്നുമാണ് കെ.എസ്.ഭഗവാന്‍റെ പ്രതികരണം.

കെ.എസ്.ഭഗവാനെക്കൂടാതെ ബുദ്ധിജീവികളും എഴുത്തുകാരുമായ 9 പേര്‍ കൂടി കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനകളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നാണ്
റിപ്പോര്‍ട്ടുകള്‍. ലിസ്റ്റില്‍ ഒന്നാമത്തെ പേര് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ ദിനേഷ് അമിന്‍ മട്ടുവിന്‍റേതാണ്. ദിനേഷ് അമിന്‍ മട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവേകാനന്ദനെക്കുറിച്ചെഴുതിയ ഒരു ലേഖനം അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഹിന്ദുത്വ ഗ്രൂപ്പുകള്‍ 'നിലുമേ' എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് വഴിയാണ് ദിനേഷ് അമിന്‍ അമിട്ടുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. നാടകകൃത്ത് ചന്ദ്രശേഖര്‍ പാട്ടീല്‍, എഴുത്തുകാരന്‍ പട്ടാഭിരാമ സോമയ്യാജി, എസ്.എഫ്.ഐ നേതാവ് വാസുദേവ റെഡ്ഡി, യുക്തിവാദി സംഘം നേതാവ് നരേന്ദ്ര നായക്, എഴുത്തുകാരന്‍ യോഗേഷ് മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ നേതാവ് മുനീര്‍ കാട്ടിപ്പള്ള, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കെ.എസ്.വിമലപി.യു.സി.എല്‍ നേതാവ് സുരേഷ് ഭട്ട് ബക്രബൈല്‍ എന്നിവരും സംഘപരിവാര്‍ ഭീഷണിയിലാണ്. യു.ആര്‍.അനന്തമൂര്‍ത്തി അന്തരിച്ചപ്പോള്‍ കര്‍ണാടകയില്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്ലാദപ്രകടനം നടത്തി ഫാസിസത്തിന്റെ രൗദ്രമുഖം പുറത്തു കാണിച്ചത് മറക്കാറായിട്ടില്ല.

സങ്കുചിതമായ ജാതിമതവര്‍ഗീയതകളുടെ മറവില്‍ പൗരസ്വാതന്ത്ര്യങ്ങളെ വെല്ലുവിളിക്കുന്നതില്‍ കര്‍ണാടകം പണ്ടേ മുന്‍നിരയിലാണ്‌. സദാചാരപോലീസ്‌ ചമയുന്ന ഗുണ്ടകളായും മതസംരക്ഷകരായും ആര്‍ഷസംസ്‌കാരത്തിന്‍റെ കാവല്‍ഭടന്മാരായുമെല്ലാം പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ പൗരന്മാരുടെ ഭരണഘടനാവകാശങ്ങളെത്തന്നെ നിഷേധിക്കുക അവിടെ പതിവായിരിക്കുന്നു.

 അതിന്‍റെ  ഉദാഹരണമാണ്‌ യോഗേഷ്‌ മാസ്‌റ്റര്‍ എന്ന പ്രശസ്‌ത സാഹിത്യകാരന്‍റെ നോവലിനെതിരെയുണ്ടായ നിരോധവും നോവലിസ്‌റ്റിന്‍റെ അറസ്‌റ്റും. യോഗേഷിന്‍റെ ദന്തി എന്ന പുതിയ നോവല്‍ പുരാണത്തിലെ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച്‌ ഹിന്ദു ജാഗര വേദികേയുടെ
പ്രണവാനന്ദ സ്വാമിയും ശ്രീരാമസേനയുടെ പ്രമോദ്‌ മുത്താലിക്കും നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയുന്ന ഈ കോടതി നടപടി. വര്‍ഗീയ സംഘടനകളുടെ ആവശ്യപ്രകാരം പുസ്‌തകങ്ങള്‍ നിരോധിക്കുക കര്‍ണാടകത്തില്‍ പതിവാണ്‌. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ മുന്‍ എഡിറ്റര്‍കൂടിയായ പ്രശസ്‌ത നാടകകൃത്ത്‌ എച്ച്‌. എസ്‌. ശിവപ്പയുടെ മഹാചെത്ര എന്ന നാടകം, പി.വി.നാരായണയുടെ ധര്‍മ്മകരണ എന്ന ആഖ്യായിക, ബഞ്ചാഗരെ ജയപ്രകാശിന്‍റെ അനുദേവ ഹൊരഗിനവനു, നാഗവേണിയുടെ ഗാന്ധി ബന്ദാഭി എന്നിവയാണ്‌ സമീപകാലത്ത്‌ വര്‍ഗീയ സംഘടനകളുടെ ആക്രമണത്തിനിരയായ കൃതികള്‍.

സ്വതന്ത്രമായ ആശയപ്രകാശനത്തിനുള്ള എഴുത്തുകാരുടെ പൗരാവകാശം വെല്ലുവിളിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ ഇരകളോടൊപ്പമല്ല,
വേട്ടക്കാരോടൊപ്പമാണെന്നതാണ്‌ കര്‍ണാടകത്തിലെ ദുരവസ്‌ഥ. അവിടെ ഒരു വിഭാഗം ചാനലുകളും പത്രങ്ങളും യോഗേഷിന്‍റെ നോവലിനെതിരെയുണ്ടായ നടപടികളെ ന്യായീകരിക്കുകയാണ് ചെയ്തത്. ആശയാവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലക്കൊള്ളേണ്ട മാധ്യമങ്ങള്‍ വര്‍ഗീയപ്രീണനത്തിനായി സ്വന്തം ദൗത്യംതന്നെ വിസ്‌മരിക്കുന്ന കാഴ്‌ചയാണിത്‌.

എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും സാധാരണ പൗരന്മാരുടെ അവകാശങ്ങളും വെല്ലുവിളിക്കപ്പെടുമ്പോള്‍ അവയെ മൗനംകൊണ്ടും
അനുകൂലവാര്‍ത്തകള്‍കൊണ്ടും ന്യായീകരിക്കുന്ന മാധ്യമങ്ങള്‍തന്നെ സമാനമായ ഭീഷണികള്‍ നേരിടുന്നുമുണ്ട്‌. കര്‍ണാടകയിലെ ഹിന്ദു വേദികേയുടെ സദാചാരപോലീസുകാര്‍ ജന്മദിനാഘോഷത്തിനെത്തിയ യുവാക്കള്‍ക്കുനേരേ നടത്തിയ ആക്രമണം റിപ്പോര്‍ട്ടുചെയ്‌ത നവീന്‍ സൂരിന്‍ചേ എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ അനുഭവം തന്നെയെടുക്കാം. ഈ ആക്രമണത്തിനെതിരേ ജനരോഷമുയര്‍ന്നപ്പോള്‍ സദാചാര ഗുണ്ടകള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ബന്ധിതരായ പോലീസ്‌, സംഭവം റിപ്പോര്‍ട്ടുചെയ്‌ത സൂരിന്‍ചേയെയും പ്രതിയാക്കുകയായിരുന്നു. വര്‍ഗീയവാദികളുടെ ദുഷ്‌ചെയ്‌തികള്‍ തുറുകാട്ടുന്നവര്‍ക്കുള്ള ഒരു മുറിയിപ്പായിരുന്നു റിപ്പേര്‍ട്ടര്‍ക്കെതിരെയുള്ള കേസ്‌. പത്രപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പിന്നീട്‌ ആ കേസ്‌ പിന്‍വലിച്ചുവെങ്കിലും വര്‍ഗീയസംഘടനകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഭീഷണിയാണെന്ന വസ്‌തുതയിലേക്കാണ്‌ ഈ സംഭവം ചൂണ്ടുന്നത്‌.

എതിരെ ശബ്ദമുയര്‍ത്തുന്ന നാവുകള്‍ അരിഞ്ഞു വീഴ്ത്തുന്നതിന് സമാന്തരമായിത്തന്നെ നമ്മുടെ ചരിത്രവും മാറ്റിയെഴുതപ്പെടുന്നുണ്ട്. അത് കൂടി മനസ്സിലാക്കുമ്പോഴേ ഫാസിസം എവിടെയൊക്കെ കടന്നു കയറിയെന്നും ഭീകരത എവിടെയൊക്കെ പിടി മുറുക്കിയെന്നും തിരിച്ചറിയാനാവൂ.

 ദേശീയ തലത്തില്‍ നമ്മുടെ സര്‍ക്കാര്‍ പരിപാടികലെല്ലാം തന്നെ വേദ മന്ത്ര ഉച്ചാരണങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വേദികളാക്കി ഇതിനകം മാറ്റിയെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യതലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ ഏജന്‍സിയായ 'ഐ സെര്‍വ്' ചരിത്ര- സാംസ്കാരിക പ്രദര്‍ശനം നടത്തിയത് വേദങ്ങളും പുരാണങ്ങളുമൊക്കെ ശാസ്ത്രീയ അടിത്തറയുള്ളതാണെന്ന് സ്ഥാപിയ്ക്കാനായിരുന്നു. ''സാംസ്കാരിക തുടര്‍ച്ച ഋഗ്വേദം മുതല്‍ റോബോട്ടിക്സ് വരെ" എന്ന പേരില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ പുത്രകാമേഷ്ടി യാഗത്തിന്‍റെയും ലങ്കയില്‍ ഹനുമാന്‍ സീതയെ കണ്ടതിന്‍റെയും മഹാഭാരത യുദ്ധത്തിന്‍റെയുമൊക്കെ 
തീയതികള്‍ ശാസ്ത്രീയമായി കണ്ടു പിടിച്ചുവെന്നും പുരാണങ്ങളില്‍ പറയുന്ന ഗുഹകളുടെയും മറ്റും കാലഗണന അവയെ സാധൂകരിയ്ക്കുന്നുണ്ടെന്നും മറ്റും അവകാശപ്പെടുന്ന പോസ്റ്ററുകളും ചിത്രങ്ങളുമൊക്കെയായിരുന്നു പ്രദര്‍ശ വസ്തുക്കള്‍. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ചരിത്രകാരനല്ലാത്ത, സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള കൃഷ്ണ ഗോപാല്‍ ശര്‍മയെ ആര്‍.എസ്.നേതാവ് എന്ന ലേബലില്‍ത്തന്നെ ഒദ്യോഗികമായി
കേന്ദ്രമന്ത്രിയ്ക്കൊപ്പം പങ്കെടുപ്പിയ്ക്കുകയും ചെയ്തു. വിദേശികളായ സ്ത്രീകള്‍ ഇന്ത്യയില്‍ എത്തിയാല്‍ കുട്ടിപ്പാവാടയിട്ട് പുറത്തിറങ്ങരുതെന്നും ഒറ്റയ്ക്ക് കറങ്ങി നടക്കരുതെന്നുമൊക്കെപ്പറഞ്ഞ് ഇടക്കിടെ വിവാദങ്ങളുണ്ടാക്കുന്ന കേന്ദ്രമന്ത്രി മഹേഷ് ശര്‍മയായിരുന്നു ഉദ്ഘാടകന്‍.

ഇത്തരത്തില്‍ പുതിയ ചരിത്ര പാഠങ്ങള്‍ നിര്‍മിച്ചെടുക്കുന്നതിനൊപ്പമാണ് അതിനെ ചോദ്യം ചെയ്യുന്ന ധബോല്‍ക്കര്‍മാരും പന്‍സാരെമാരും കല്‍ബുര്‍ഗിമാരും കൊല്ലപ്പെടുന്നത്. മരിയ്ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ എഴുത്തും പ്രസംഗവും നിര്‍ത്തേണ്ടി വരുന്നത്. പക്ഷേ ഇതിനെല്ലാം ഉത്തരവാദികളായവര്‍ ഫാസിസ്റ്റുകളായോ ഭീകരവാദികളായോ നമ്മുടെ രാജ്യത്ത് മുദ്ര കുത്തപ്പെടുന്നില്ല. ദേശീയതയുടെയും ദേശസ്നേഹത്തിന്‍റെയും അളവുകോല്‍ അവരാണ് തീരുമാനിയ്ക്കുന്നത്.
പൊതുവേദികളിലും സൈബര്‍ ഇടങ്ങളിലുമൊക്കെ അവര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ദേശസ്നേഹം പ്രകടിപ്പിക്കാന്‍ തയ്യാറാവാത്തവര്‍ ദേശവിരുദ്ധരായും ഭീകരവാദികളായുമൊക്കെ മുദ്രകുത്തപ്പെടും.

നമ്മുടെ ചരിത്രപാഠങ്ങള്‍ തിരുത്തിയെഴുതപ്പെട്ടു കൊണ്ടിരിയ്ക്കുകയാണ്. ചെറുത്തു നില്‍ക്കുന്നവര്‍ക്കു നേരെ, നട്ടെല്ലില്‍ നിവര്‍ന്നു നില്‍ക്കുന്നവര്‍ക്കു
നേരെ തോക്കിന്‍ കുഴലുകള്‍ ഉന്നം പിടിയ്ക്കുകയാണ്.


No comments:

Post a Comment